Monday, November 24, 2008

Thursday, November 20, 2008

മരങ്ങളില്‍ നിന്നുള്ള അകലക്കാഴ്ചകള്‍

Tuesday, November 11, 2008


എപ്പൊഴാണ് മരം കയറിത്തുടങ്ങിയതെന്ന് എനിക്ക് സ്പഷ്ടമായ ഓര്‍മ്മയില്ല. എങ്കിലും ഒന്നുറപ്പാണ്, ഓര്‍മ്മവെച്ചപ്പോള്‍ മുതല്‍ ചെറുതായിത്തുടങ്ങി മരം കയറലും മരം വഴി പുരപ്പുറം കയറലുമൊക്കെ പതിവായിരുന്നു. ഇന്ന് ഭൌതികമായ ഏതുയരത്തെയും മനസ്സുകൊണ്ടും ശരീരം കൊണ്ടും കീഴടക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.

നിലത്തിരിരുന്നു മടുക്കുമ്പോള്‍ ഒരു മരത്തില്‍ കയറിയിരിക്കുക വളരെ രസകരമാണ്. അതെനിക്ക് എന്നും പുതിയ ഉള്‍ക്കാഴ്ചകള്‍ ഉണ്ടാക്കുന്നു. മരങ്ങളിലെ പുളിയുറുമ്പും പാമ്പുറുമ്പും ഒരിക്കലുമെനിക്ക് തടസ്സമായില്ല. പലപ്പോഴും മഴകള്‍ മരത്തിനു മീതെയിരുന്ന് നനഞ്ഞിട്ടുണ്ട്. വീട്ടില്‍ നിന്നും കളിയ്ക്കാനായി അകന്നു നില്‍ക്കുമ്പോള്‍ പലപ്പൊഴും മരങ്ങള്‍ക്ക് മീതെ ഉറക്കമൊഴിച്ചും പാതിമയക്കത്തിലും രാത്രിമുഴുവനും ഇരുന്നിട്ടുണ്ട്.

മഴയെ കാറ്റ് തോളത്തിരുത്തി ഒരു കുട്ടിയെ എന്നപോലെ ആട്ടി ഉലയ്ക്കുന്നതും എടുത്തെറിയുന്നതും അനാഥയായ കുട്ടിയെപ്പോലെ മഴ പതിഞ്ഞ താളത്തില്‍ പെയ്യുന്നതുമൊക്കെ എന്തനുഭവങ്ങളാണ്. അപ്പോള്‍ തോന്നാറുള്ള ഒന്ന് ശിരസ്സുമുതല്‍ പാദം വരെ മഴയ്ക്ക് ഞാനും ഒരരുവിയാണ് എന്ന്.

ജീവിതത്തിലെ ഒരു ഭാഗം മുള്ളുള്ളതും ഇല്ലാത്തതും ശാഖികളിലും ഒറ്റത്തടികളിലും വീതം വെച്ചുകയറി. പുളിമരത്തിന്‍റെ നൂല്‍ക്കമ്പിനെയും വിശ്വസിയ്ക്കാം, ഞാവലിന്‍റെ ആള്‍ത്തടിയുള്ള കൊമ്പിനെ വരെ വിശ്വസിക്കരുത്, തെങ്ങിന്‍റെ മൂന്നാം ഓലയിലേ പിടിയ്ക്കാവൂ, യൂക്കാലിപ്റ്റസ്സിന്‍റെയും കാറ്റാടിയുടെയും മരത്തോല്‍ സൂക്ഷിക്കണം, മുള്ളുമരങ്ങളില്‍ ക്ഷമയാണാവശ്യം തുടങ്ങി നൂറുകണക്കിന് പ്രായോഗിക നിരീക്ഷണങ്ങള്‍ താനേ രൂപപ്പെട്ടുവരും.

ഇലഞ്ഞി മരങ്ങളില്‍ ഞാന്‍ കുലുക്കുകയും വഴിയേ പോകുന്നവര്‍ പെറുക്കുകയും ചെയ്യുക ഒരു പതിവു കാര്യമായിരുന്നു. കോളേജുകാരായിരുന്നു ആ പെറുക്കികള്‍. സംഘടനാ രംഗത്ത് തീവ്രമായി പ്രവര്‍ത്തിച്ചപ്പൊഴും എനിക്ക് ഇതു തന്നെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. കയറിക്കുലുക്കാന്‍ ചിലര്‍ പെറുക്കാന്‍ ചിലര്‍! പക്ഷേ ഒരിക്കലും പരാതി തോന്നിയിട്ടില്ല.

ഞങ്ങളുടെ പ്രദേശത്തെ ഏറ്റവുമുയര്‍ന്ന മരങ്ങള്‍ കാറ്റാടി മരങ്ങളാണ്...അതിനു മീതെക്കയറിയിരുന്നാല്‍ പ്രദേശം മിക്കവാറും തെളിഞ്ഞുകാണാം, മരം കാറ്റിലുലയുമ്പോള്‍ എങ്ങോട്ടോ പറന്നുപോകുന്നതായിത്തോന്നും, ഒരു മരത്തലപ്പു വഴി നായകന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് കയറിപ്പോയതിനോളം സുന്ദരമാണത്. ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കിനും ഇത്തരമൊരനുഭവത്തെ വെല്ലുവിളിയ്ക്കാനാകില്ല. പ്രകൃതിയുടെ ആനന്ദദായകത്തത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രകൃതിയ്ക്കകത്ത് കൃത്രിമ പ്രകൃതിയുണ്ടാക്കുന്നതിന് അതിന്‍റേതായ പരിമിതികളുണ്ട്.

പൂമരത്തില്‍ കയറിയിരുന്നാല്‍ പൂക്കളില്‍ ഒരുവനായി മാറിയതായി പലപ്പൊഴും തോന്നിയിട്ടുണ്ട്. ഗുല്‍മോഹറിന്‍റെ ചുവപ്പും പാതിരയുടെ വെളുപ്പും വാകയുടെയും കൊന്നയുടെയും മഞ്ഞയും മന്ദാരത്തിന്‍റെ നീലകലര്‍ന്ന വയലറ്റും തേക്കിന്‍റെ മാറാലപ്പൂവും മനസ്സില്‍ ഇടകലര്‍ന്നു പരക്കുന്നു, വര്‍ത്തമാനത്തിലും ചിന്തയിലും ആ ലാന്‍റ്സ്കേപ്പ് ചിത്രങ്ങള്‍ ചില്ലിട്ടുവെച്ചിരിക്കുന്നു.

കുട്ടിക്കാലത്ത് ഓട്ടുമ്പുറത്ത് കയറിയിരിക്കുമ്പോള്‍ ഓട്ടുകമ്പനിയിലെ അണ്ണാച്ചി ഓടി വന്ന് ഇറങ്ങാന്‍ പറയുമായിരുന്നു. പട്ടികയും കഴുക്കോലും പാതിയായ ഓട്ടുമ്പുറത്ത് നടക്കാനുള്ള ശീലമാണ് എവിടെയും സഞ്ചരിക്കാമെന്നുള്ള വിശ്വാസത്തിന്‍റെ ആദ്യ തട്ടകം. ചേട്ടനുമായി വഴക്കു കൂടി ഞാന്‍ പുരപ്പുറത്തിരുന്ന് പലതവണ കരഞ്ഞിട്ടുണ്ട്...അതും മറ്റൊരു രീതി.

ഞാന്‍ വിച്ത്രമായ വഴിയേ സഞ്ചരിക്കുകയാണെന്ന് ചുറ്റുമുള്ളവര്‍ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. മരത്തില്‍ കയറിയിരുന്ന് പുളിയും ഞാവല്‍പ്പഴവും ഇലഞ്ഞിപ്പഴവും മാങ്ങയും കശുമാങ്ങയും കൊടുക്കാപ്പുളിയും സീതാരങ്ങയും ഒക്കെ തിന്നുന്നതില്‍ എനിക്ക് വലിയ സന്തോഷം തോന്നി. എന്‍റെ കാഴ്ചയുടെ ചുറ്റുവട്ടം കൂടുതല്‍ വലുതാവാന്‍ മരം കയറ്റം എന്നെ സഹായിച്ചു.

വിവിധ മരങ്ങള്‍ വഴി കോളേജിന്‍റെ മൂന്നാം നിലയുയരത്തില്‍ കയറി, സിമന്‍റുകുഴല്‍ വഴി ഏഴാം ക്ളാസുവരെ കയറിയിട്ടുണ്ട്. അതിനൊക്കെ ഒരു മറുസങ്കല്‍പം ഉള്ളിലുണ്ടായിരുന്നു. അന്നുമങ്ങനെ ചില സൂചനകളുണ്ടായിരുന്നു എന്നാണെന്‍റെ ഉറച്ച വിശ്വാസം. ഏതായാലും ഇന്നത് സ്പഷ്ടവും രൂഢമൂലവുമാണ്. മറുജീവിതത്തിന്‍റെ വഴികളെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന് സ്വാഭാവികമാക്കുക എന്നതാണതിന്‍റെ വഴിയും പരിശ്രമവും.

ഉയരമുള്ള മരത്തിനു മീതെയിരുന്ന് ശ്മശാനത്തില്‍ സംസ്കാരവും ഏതൊക്കെയോ വഴികളും വഴക്കുകളും കളികളും ചടങ്ങുകളും ഞാന്‍ കണ്ടിട്ടുണ്ട്. കാറ്റാടിക്കു മീതെയിരുന്ന് പ്രാവ് പനയ്ക്കുമീതെ കുഞ്ഞുങ്ങളെ പോറ്റുന്നത് കണ്ടിട്ടുണ്ട്. രണ്ടു കുഞ്ഞുങ്ങളെയും ഞാനും താലോലിച്ചിരുന്നു.

പനകയറ്റക്കാരും തെങ്ങുകയറ്റക്കാരുമൊക്കെ എന്നുമെന്‍റെ ആരാധനാപാത്രങ്ങളാണ്. കലാകാരനും കളിക്കാരും പനകയറ്റക്കാരും അവരുടെ ഉന്നതികള്‍ സാധിക്കുന്നത് മനസ്സുകൊണ്ടും അതിലൂന്നിയ കര്‍മ്മങ്ങള്‍കൊണ്ടുമാണ്.

ഒരു വിചിത്രജീവി എന്ന അത്ഭുതത്തോടെ എന്നെ നോക്കുന്നവരെ ഞാന്‍ ശ്രദ്ധിയ്ക്കാറില്ല. അവര്‍ക്കിതൊക്കെ മനസ്സിലാകുന്നൊരു ദിവസം വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഒരു മരവും

കാടാകുന്നതുപോലെ

ഒരു പൂമരം

വസന്തവുമാകാം

പുഷ്പദലങ്ങള്‍ക്കിടയില്ലൂടെ

വക്രിച്ചും നേരിട്ടും നോക്കുമ്പോള്‍

ഉള്ളിലുറങ്ങുന്ന ആരോ

പൊടുന്നനെ ഉണരുന്നു.

അവനെ ഞാന്‍ എന്‍റെ

പൂര്‍വ്വികനെന്നു വിളിയ്ക്കുന്നു.

സ്ഥലത്തെ പ്രധാന ഗോള്‍കീപ്പര്‍‍

Monday, July 7, 2008



എനിയ്ക്ക് ഫുട്ബാളുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇനിയെഴുതുന്നത്. കളി എന്ന് പറഞ്ഞാല്‍ അത് ഫുട്ബാള്‍ മാത്രമായിരുന്ന ഒരു കാലവും എനിക്കുണ്ടായിരുന്നു. ഇന്നും പ്രിയപ്പെട്ട കളി അതുതന്നെ. ആദ്യമായി കളിക്കുന്നതിനു മുമ്പ് ഞാന്‍ കളി കണ്ടിരുന്നില്ല. കളി കണ്ടു തുടങ്ങിയപ്പോള്‍ അതൊരു പനിയ്ക്കും പകലിലെ ജ്വരമായി മാറി.

കളിക്കാരില്‍ ഞാനേറ്റവുമധികം ശ്രദ്ധിച്ചിരുന്നത് ഗോളിമാരെയിരുന്നു; ഏറ്റവുമധികം ആരാധിച്ചത് മറഡോണയേയും. നാലാം ക്ലാസ് അവസാനിക്കുന്നതിനു മുമ്പു തന്നെ ഞാന്‍ കോളേജിലും സ്കൂളിലും കളി തുടങ്ങിയിരുന്നു. കൂട്ടത്തില്‍ മോശമല്ലാത്തവന്‍ ഗോളിയാവുക അന്ന് പതിവില്ലാത്ത കായമായിരുന്നു. എന്നാല്‍ ഗോളടിയ്ക്കാന്‍ കുട്ടികള്‍ ആര്‍ത്തി പിടിച്ചപ്പോള് അത് തട്ടി മാറ്റുന്നതിലായിരുന്നു ഞാന്‍ ആവേശം കണ്ടെത്തിയത്. അക്കാലം തൊട്ടിതുവരെ വയ്കുന്നേരമെന്നാല്‍ അതിനുള്ളത് കളിസമയം എന്ന അര്ത്ഥമാണ്.

മുതിര്‍ന്നവര്‍ക്കും സമപ്രായക്കാര്‍ക്കും മൈതാനത്ത് വന്നു നിറയാനുള്ള സമയമായിരുന്നു വൈകുന്നേരങ്ങള്‍. അതിന് മുമ്പും ശേഷവും അവിടമത്ര നിറഞ്ഞിട്ടില്ല. ഇന്നും അവര്‍ വരാറുണ്ട്‌ ഒരു ലോകകപ്പ് വരുമ്പോള്‍ മാത്രം; വല്ലപ്പോഴും ചാറിപ്പോകുന്ന മഴപോലെ.

രസകരമായ ശത്രുതയും പകയും വാശിയും പല ഗ്രൂപ്പുകളും എനിയ്ക്ക് ചുറ്റുമുണ്ടായി. പന്ത് പിടിയ്ക്കാന്‍ കഴിയുമെന്ന ഒറ്റക്കാരണം കൊണ്ടു ഞാന്‍ മാറ്റിനിര്‍ത്തപ്പെട്ട കാലവുമുണ്ടായിട്ടുണ്ട്.

കൊച്ചഛന്റെ ബനിയന്‍ ജേഴ്സിയാക്കി മാറ്റി, അതിന്റെ പിറകില്‍ കറുത്ത പെയിന്റ് കൊണ്ടു വടിവില്ലാത്ത അക്ഷരത്തില്‍ ഒന്ന് എന്ന് കുറിച്ചിട്ട്, മുട്ടുവരെ സോക്സും ഷൂസുമൊക്കെയിട്ടു ഞാന്‍ ഗോളിയായി. അന്നുമിന്നും ഗോളിയായിറങ്ങുമ്പോള്‍ ഉള്ളിലൊരു ഇരമ്പമുണ്ട് അനന്തമായത് ......

കളികാണലിനെക്കുറിച്ചു പറഞ്ഞാലല്ലാതെ കളിവര്ത്തമാനം പൂര്‍ത്തിയാകില്ല. എന്നാലും അത് മറ്റൊരവസരത്തില്‍ പറയാം.

94 ലെ അമേരിക്കന്‍ ലോകകപ്പിന്‌ ശേഷം ഞങ്ങള്‍ കുട്ടകള്‍ ചേര്‍ന്നൊരു ടൂര്ണ്ണമെന്റ്റ് പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കായി നടത്തി. അന്ന് ഞങ്ങള്‍ ഫൈനലില്‍ തോറ്റുവെങ്കിലും ഞാനാണ് മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടത്. കപ്പുകളുടെയും മേഡലുകളുടെയും വലിയ നിരയില്‍ ഏറ്റവും ആദ്യത്തെ കപ്പും അതായിരുന്നു. ഞാനെങ്ങനെയാണ് ഡൈവ് ചെയ്തു പന്ത് പിടിച്ചതെന്ന് ആവേശത്തോടെ ചേട്ടനോട് വിശദീകരിച്ചതിന്നും ഓര്‍മ്മയുണ്ട്. ആ വൈകുന്നേരം ഇന്നുമോര്മ്മകളില്‍ ജീവിതത്തിലെ മുന്തിയൊരു നിമിഷമായി പ്രമുഖസ്ഥാനം വഹിക്കുന്നു.

ജില്ലാ ക്യാമ്പില്‍ എട്ടാം ക്ലാസ്സിലെ ഒരു മഴക്കാലത്ത് ഞാനുമുണ്ടായിരുന്നു. അന്നെന്റെ ജീവിതത്തില്‍ ആദ്യമായി ഞാനൊരു ബൂട്ട് മേടിച്ചു ,പച്ചയായിരുന്നു അതിന്റെ നിറം. പാഠശാലയുടെ അന്തരീക്ഷം തുടര്‍ന്ന് കളിയ്ക്കുന്നതില്‍ നിന്നും എന്നെ വിലക്കി. ബോയ്സില്‍ ഫുട്ബാളിന്റെ നല്ല കാലമായിരുന്നു. ചിറ്റൂര്‍ കോളെജിനു വേണ്ടിയും സാമാന്യം നന്നായി കളിച്ചു.

ഞാന്‍ ഫുട്ബാളില്‍ ആരായിരുന്നു എന്ന് പറയാനല്ല ഇത്രയും എഴുതിയത് മറിച്ച്, ഫുട്ബാള്‍ എനിയ്ക്കെന്താണ് എന്ന് പറയാനാണ്. മറഡോണ ആശുപത്രിയിലായിരുന്നപ്പോള്‍ നിറഞ്ഞ കണ്ണുകളിലൂടെയാണ് എനിയ്ക്കെന്താണ് ഫുട്ബാള്‍ എന്ന് സ്വയം ഞാന്‍ തിരിച്ചറിഞ്ഞത്.

Thursday, June 19, 2008

എന്റെ ചെന്നൈ സൈക്കിള് യാത്ര , എം.ജി.ആര്‍ സ്മാരകത്തിനു മുന്നില്.

ചക്രങ്ങള് വരുത്തിയ മാറ്റം

Wednesday, June 18, 2008









വീടിന്റെ തട്ടുമ്പുറത്തു മഞ്ഞ നിറമുള്ള തുരുമ്പിച്ച ഒരു ചെറിയ സൈക്കിള്‍ കിടക്കുന്നുണ്ടെന്ന് തീരെ ചെരുതായിരുന്നപ്പോഴേ ഞാന്‍ കേട്ടിരുന്നു. അത് എനിക്കെന്നുമൊരു നാടോടിക്കഥ പോലെയുമായിരുന്നു.

ഒരു വൈകുന്നേരത്ത് ഞാന്‍ അമ്മയുടെ കയ്യില്‍ താങ്ങി കണ്ണാടി തൂക്കിയ ജനാലയില്‍ കയറി നില്‍ക്കുകയായിരുന്നു . ഇരുമ്പു ഗേറ്റ് തുറന്നു മുത്തച്ഛന്‍ എന്നെ പേര് ചൊല്ലി വിളിച്ചു. ഞാനോടിച്ചെന്നു. മുത്തച്ഛന്റെ കയ്യില്‍ പുതിയൊരു മുച്ചക്ര സൈക്കിള്‍! അതൊക്കെ ഒട്ടും പഴകാത്ത ഓര്‍മ്മകളാണ്.


അത് വരെ ഞാന് സൈക്കിള്‍ ചവിട്ടിയിരുന്നില്ല. വീടിനു ചുറ്റും ഞാന്‍ കുറെ ചവിട്ടി. അതിന്റെ സീറ്റില്‍ കരടിയുടെയും മുയലിന്റെയും ചിത്രങ്ങള്‍ തുന്നിപ്പിടിപ്പിച്ചിരുന്നു. ഇന്ന് സൈക്കിള്‍ തന്നെ മനസ്സില്‍ തുന്നിപ്പിടിപ്പിച്ച ബഹുവര്‍ണ്ണ ചിത്രമാണ്. കല്ലുമായി സഹവസിച്ചിരുന്ന ഞാന്‍ ചക്രവുമായി ചങ്ങാത്തത്തിലായി.

സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത് രണ്ടാം ക്ലാസ്സിലാണ്. അക്കരെ നിന്നും ചേട്ടന്‍ ഒരു പച്ചനിറത്തിലുള്ള കാല്‍ വണ്ടി (സൈക്കിളില് അന്നു പ്രശസ്തമായ മൂന്നളവുകളാണ്: കാല് വണ്ടി, അര വണ്ടി, ഒരു വണ്ടികൊണ്ട് വന്നു. രണ്ടു ചക്രത്തില്‍ കാലുകുത്താതെ ഓടിച്ചുപോകുന്നവരെ കണ്ടു അത്ഭുതപ്പെട്ട കാലം കടന്നുപോവുകയായിരുന്നു. കൈവിട്ടോടിക്കുന്നവര് അത്ഭുതപ്പെടുത്തുകയും ചെയ്യുമായിരുന്നു.
ആദ്യ ശ്രമം തന്നെ ആദ്യ അപകടത്തിലും കലാശിച്ചു. കോളേജില്‍ കാന്റീനിന്റെ മുന്നിലായൊരു പാതിരാ മരമുണ്ട്, അതിലേക്കാണ് അതിവേഗത്തിലുള്ള അരിച്ചു കയറുന്ന ആവെശമോടിച്ചു കയറ്റിയത്. ഇടിക്കും മുമ്പേ ഓടും വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി ഞാന്‍ ഉറക്കെ കരഞ്ഞു തുടങ്ങി. എനിക്കെന്തോ സംഭവിച്ചുവെന്ന് കരുതി ചേട്ടന് ഓടി വന്നു. അമളി പറ്റിയത് രണ്ടാള്‍ക്കും. വരാവുന്ന സാമ്പത്തിക ബാദ്ധ്യതയോര്‍ത്താണ് ഞാന്‍ കരഞ്ഞത്. സൈക്കിള്‍ നിന്ന നില്‍പ്പില്‍ നിന്നും അനങ്ങുന്നില്ല; മഡ്ഗാഡ് തടിയില്‍ കുത്തിനില്‍ക്കുകയാണ്. ഇന്നും വിചാരിക്കാനിഷ്ടപ്പെടുന്നത് ഞാനന്നേ ഒരു സാമ്പത്തിക പ്രബുദ്ധനായിരുന്നു എന്നതാണ്. നുണയാവാം നേരാവാം, വായനക്കാരാ കഥയില്‍ ചോദ്യമില്ലെന്നറിയാമല്ലോ!

സൈക്കിള്‍ ഒപ്പിച്ചു തിരിച്ചുകൊടുത്തു. പാതിരാമരത്തിനിന്നും ആ പാടുണ്ട്. ചുണ്ണാമ്പ് ചൂളകള്ക്കും പാലത്തിനുമപ്പുറത്തുള്ള സൈക്കിള്‍ കട ഇന്നില്ല. എങ്കിലും അത്ഭുതവിളക്കിലെന്നപോലെ പോലെ മരത്തില്‍ വിരലോടിക്കുമ്പോള്‍ ഭൂതകാലമുയരുന്നുണ്ട്. ഓര്‍മ്മകളുടെ സുന്ദരഭൂതകാലം.

മൂന്നാം ക്ലാസ് അവധിക്കു കൊച്ചഛച്ചന്‍ ബസ്സില്‍ അരട്ടിക്കറ്റുകാരനായിരുന്ന എനിക്ക് മുക്കാല്‍ സൈക്കിള്‍ കൊടുത്തയച്ചു. അത് വീട്ടില്‍ രണ്ടാമത്തെ വാഹനമായി. ഒന്നാമത്തേത് അച്ഛന്റെ സൈക്കിളായിരുന്നു. ആദ്യം കൊളേജിനകത്തു മാത്രമായിരുന്നു ചവിട്ടിയിരുന്നത്. പിന്നീടത്‌ അമ്പാട്ടുപാളയം കടവരെയായി. നാലാംക്ലാസ്സില്‍ ഒപ്പന പഠിക്കാന്‍ ടീച്ചറുടെ വീടുവരെ ചവിട്ടിയതാണ് ആദ്യത്തെ പ്രധാനവഴി യാത്ര. ആ യാത്രയ്ക്ക് ഒന്നേകാല്‍ കിലോമീറ്ററായിരുന്നു ദൂരം. ആ യാത്രയ്ക്ക് ശേഷം കുറെ മുതിര്‍ന്നതായി തോന്നുകയും ചെയ്തു.
ഈയിടെ ഞാന്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താറുണ്ട്. അതില്‍ പ്രധാനം മദിരാശിയിലേക്ക് സൈക്കിളില് 1200 കിലോമീറ്റര്‍ സഞ്ചരിച്ചു വന്നതാണ്. അതിനെക്കുറിച്ച് പിന്നീടെഴുതാം. എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്താന്‍ മാത്രം എക്കാലത്തേയ്ക്കും സ്വത്തായി മാറിയ വലത്തേ കവിളിലെ മുറിപ്പാടും സൈക്കിളുമായി ബന്ധപ്പെട്ടതാണ്.

വീടിനെ ചുറ്റി ഓര്മ്മകളില് മേയുമ്പോള്

Monday, June 9, 2008


ഞാനെന്നെ തിരഞ്ഞു കണ്ടെത്താന് ശ്രമിക്കുകയാണ്. ഞാനാരായിരുന്നു? എങ്ങനെ ഞാനായി? ഈ നിമിഷങ്ങള് കോര്ത്ത മണിക്കൂറുകളില് എഴുതിപ്പെറുക്കി ഞാനെന്റെ കഥപറയാം.

ആദ്യം എന്റെ വീടിനെ ചുറ്റിപ്പറ്റി കുട്ടികാലത്തിന്റെ ഓര്മ്മകളാണ്. അന്ന് അംഗങ്ങള് അച്ഛന്, അമ്മ, ചേട്ടന്, മുത്തച്ഛന് എന്നിവരായിരുന്നു. പിന്നീടൊരിക്കല് കഥകള് പറഞ്ഞു മുഴുമിക്കാതെ മുത്തച്ഛന് പിരിഞ്ഞുപോയി.

പഴയൊരു വലിയ ഒട്ടുപുര വീട്. ചിറ്റൂര് കോളേജിനൊരു എഴുതിത്തള്ളിയ കോട്ടേഴ്സുണ്ട്. അതായിരുന്നു ഞങ്ങളുടെ വീട്. വേനലില് ഒരു സൂര്യ രശ്മിയെയും അറിയാതിരിക്കുകയും മഴക്കാലത്ത് ചോരാനോരിടവും ബാക്കിയില്ലാതിരിക്കുകയും മഞ്ഞുകാലത്ത് ചുറ്റുപാടും പുകമഞ്ഞു മൂടുകയും ചെയ്യുന്ന ഒരിടം. അകത്തേയ്ക്കും പുറത്തേയ്ക്കും ചരിഞ്ഞ അടുത്തെങ്ങും കുമ്മായം പൂശാത്ത, എന്നാല് പതിറ്റാണ്ടുകളുടെ കുമ്മായ അടുക്കുകളുള്ള ചുവരുകള്. കഴുക്കോലുകള് ദ്രവിച്ചു വളഞ്ഞു പട്ടികയില്ലാത്ത മേല്ക്കൂര, ഇലകള് അട്ടിയിട്ട ചിതലരിക്കുന്ന ഒട്ടിന്പുരം. ആ വീട് സദാ മാറാല മൂടിയിരുന്നു. മുറികള് വളരെ വലുത്, ഇലകളും പൊടിയും നിറഞ്ഞ തട്ടുമ്പുറം.

തീരെച്ചെറുതായിരുന്നപ്പോള് കുഞ്ചിയമ്മയും ചാത്തന് മാഷും രണ്ടു മക്കളും കിഴക്കേ മുറിയില് താമസിച്ചിരുന്നതായോര്ക്കുന്നു. കിഴക്കും പടിഞ്ഞാറും ഓടുകളടുക്കിയ മതില്..വടക്ക്, വീടിന്റെ മുന്നിലായി കോളേജ് മതില്, പിറകില് മതിലില്ല...നിറയെ പാമ്പുകള്, എലികള്..അങ്ങനെ സര്‍വ്വ സാമീപ്യത്തിന്റെ അന്തരീക്ഷം. അതിന്റെ മുറികളൊക്കെ വളരെ വലുതായിരുന്നു. കുട്ടിക്കാലത്ത് അവ തന്നെ മതിയായ മൈദാനങ്ങളായി തോന്നിച്ചിരുന്നു.

വലിയ വീട്ടില് അമ്മയ്ക്കെപ്പോഴും പിടിപ്പതു പണിയുണ്ടാകും. അച്ഛന് കാലത്തു തന്നെ കോളേജില് പോകും. മുത്തച്ഛന് എന്തെങ്കിലുമൊക്കെ ചെയ്യുകയാവും. മണ്ഠന്റെ അമ്മയോ, ഭിക്ഷക്കാരന് നായാടിയോ ചെരുപ്പുകുത്തിയോ വന്നാലായി. തരം കിട്ടുമ്പോഴൊക്കെ അമ്മയാണ് ഞങ്ങള്ക്ക് കഥകള് വായിച്ചു തന്നത്. റഷ്യന് പുസ്തകങ്ങളും ലോകകഥാമാലികയും മദനന്റെ ചിത്രങ്ങളും പരിഷത്ത് പുസ്തകങ്ങളും..സഹോദരങ്ങളായി അനേകം കഥാപാത്രങ്ങളും..കഥയേതെന്നും അമ്മയേതെന്നും വേര്പെടുതാനാകാത്ത കുട്ടിക്കാലം ഓര്ക്കാനേറെ രസമുള്ള ശീതീകരിയ്ക്കപ്പെട്ട ഒരറയാണ്.

കോളേജ് വിദ്യാര്‍ഥികളുടെ വിവിധ തലമുറകള് വീട്ടില് വന്നു പൊയ്ക്കൊണ്ടിരുന്നു. അതൊഴിച്ചാല് വീട്ടില് അധികമാരും വന്നില്ല, വര്ഷത്തിലൊരിക്കല് ഓണത്തിനോപ്പം വരുന്ന അച്ചേമയും സന്തോഷ് മാമനും, മുത്തി വല്ലപ്പോഴും വരുമായിരുന്നു; അമ്മമ്മ. അടുത്തൊന്നും വീടുകളുണ്ടായിരുന്നില്ല, അതുകൊണ്ട് കളിക്കൂട്ടുകാരെന്നു പറയാന് ആരുമുണ്ടായിരുന്നില്ല.

ഞാനൊരിക്കലും കളിക്കാതിരുന്നില്ല. കളികഴിഞ്ഞുള്ള സമയം കാലി മേയ്ക്കുന്നവരുടെ വാലായി ചുറ്റിത്തിരിഞ്ഞു. നാണിയമ്മയും ചെട്ടിച്ചിയാരും മുത്തപ്പനും സമപ്രായക്കാരായ ഇടയരും...അതിനെന്നെയാരും ശാസിച്ചില്ല. ഞാനാരാകണമെന്നു അഛനമ്മമാര്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നുവെന്നു ചുരുക്കം. ശാസിക്കേണ്ടതിനൊക്കെ ശാസിച്ചിട്ടുണ്ട്. പഴകിപ്പിഞ്ഞിയ ഒരു ചിത്രമാകാതെ എനിക്ക് പുതുവഴിയുടെ വെളിച്ചം അവരാണ്; എന്റെ മാതാപിതാക്കള്. അവരും അതുകൊണ്ട് ജീവനുള്ള ചിത്രങ്ങളായി.

ഞാന് സ്വയമേ സംസാരിച്ചു. വല്ലപ്പോഴും മാത്രം ആളികളോട് സംസാരിച്ചു ; കാണുമ്പോഴോന്നും വാക്കുകള് കിട്ടിയില്ല. എന്നിലേയ്ക്കരിച്ചു കയറുന്ന നാണം എന്നെയെപ്പോഴും അമ്മയുടെ സാരിത്തലപ്പില് ഒളിപ്പിച്ചു നിര്ത്തി. അക്കാലത്ത് ഞാന് തവളകള്, പല്ലികള്, എട്ടുകാലികള്, ഉറുമ്പുകള്, കുഴിയാനകള് എന്നിവയോടോത്തൊക്കെ കളിക്കുകയായിരുന്നു. എന്റെ മുട്ടുകളെപ്പോഴും പൊടി പിടിച്ചിരുന്നു. നാനാതരം ഇഷ്ടികകള് എന്റെ ബസ് സ്റ്റാന്റില് ഇടം പിടിച്ചു. വീടിനു ചുറ്റും ഞാനവയ്ക്ക് ബസ്സുകളുടെ പേരിട്ടു തള്ളിക്കൊണ്ട് മുട്ടിലിഴഞ്ഞു...ചെറു മരങ്ങളില് കയറി. കോളേജിന്റെ കാട്ടിലേയ്ക്കും നിമ്നോന്നതങ്ങളിലെയ്ക്കും വലിഞ്ഞു കയറി...ആളുകള് തിങ്ങി നിറഞ്ഞു പോകുന്ന കോളേജ് റോഡിനു സമാന്തരമായി ഞാന് കാട്ടിലൂടെ നടന്നു. വിവിധതരം പക്ഷികള് ചിലച്ചു , കറുത്തതും ചാരനിറമാര്ന്നതുമായ മുയലുകള് പകല്മാളങ്ങളില് ഓടിയിളിച്ചു, രാത്രി ഓരിയിടുന്ന കുറുക്കന് കൂട്ടങ്ങള് ഒറ്റയ്ക്കും തറ്റയ്ക്കുമായി ഗുഹകളില് ചടച്ചുറങ്ങി. എനിക്ക് സമാന്തരമായി അനുകൂലിച്ചും പ്രതികൂലിച്ചും കാലവും ശോകനാശിനിപ്പുഴയും ഒഴുകിക്കൊണ്ടിരുന്നു, അതില് ശോകനാശിനിയെപ്പോഴും വടക്കൊട്ടായിരുന്നു.

ചെട്ടനോഴികെ ആരും എന്നോടോത്ത് കളിച്ചില്ല. വീടിന്റെ പടിഞ്ഞാറേ പുറത്തെ കാരമുള്ളുകളുടെ കൂര്മ്മതയെ കബളിപ്പിച്ചു ചേട്ടന് പറിച്ചു തന്ന കാരപ്പഴത്തിനു കാലത്തിന്റെ സ്വാദായിരുന്നു. പുളിമരങ്ങള്, മാവുകള്, ഇലമുളച്ചികള്, കൊന്ന, കരിനോച്ചി, തകര്ന്നുപോയ ഭാഗത്തിന്റെ അവശിഷ്ടങ്ങള്, നിധികിട്ടുമെന്ന ബാലമനസ്സിന്റെ വിളിക്കനുസരിച്ചു കുഴിച്ച കുഴികള് ...കിട്ടിയ നാനാതരം കല്ലുകള്.

വീടിന്റെ പിറകിലായി വലിയ രണ്ടു ഇലഞ്ഞിമരങ്ങളുണ്ട്. വീടിരിയ്ക്കുന്ന കുന്നിന്റെ താഴ്വാരത്തിലാണത്. വീട്ടിനു പുറത്ത് കിഴക്ക് വശത്തായൊരു പോട്ടക്കിണറുണ്ട്. അതിന്റെ ചുവരുനിരയെ എട്ടുകാലിലക്ഷങ്ങള് കല്ലെടുത്തെറിഞ്ഞാല് ഇളകിയോടും. കറുത്ത നിറം മാറി ചുവരിനു ചെങ്കല് നിറമാകും. ഈ എഴുത്ത് അതുപോലെതന്നെ ഓര്മ്മകളെ അനാവരണം ചെയ്യുന്നു.

ഒരിയ്ക്കല് മല്ഗോവ മാവിന്റെ ഭൂമിയ്ക്ക് സമാന്തരമായ കൊമ്പത്തിരിക്കുംപോള് അച്ഛനെന്നെ പിടിച്ചിറക്കി അമ്മയെ ഏല്പ്പിച്ചു; സ്കൂളിലാക്കാന്!

ഓടിച്ചു ചിലത് പറഞ്ഞു... വിശദമായി തുടര്ന്നുള്ള വരികളും പുറങ്ങളും വര്ത്തമാനം പറയട്ടെ.