Monday, July 7, 2008
എനിയ്ക്ക് ഫുട്ബാളുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇനിയെഴുതുന്നത്. കളി എന്ന് പറഞ്ഞാല്‍ അത് ഫുട്ബാള്‍ മാത്രമായിരുന്ന ഒരു കാലവും എനിക്കുണ്ടായിരുന്നു. ഇന്നും പ്രിയപ്പെട്ട കളി അതുതന്നെ. ആദ്യമായി കളിക്കുന്നതിനു മുമ്പ് ഞാന്‍ കളി കണ്ടിരുന്നില്ല. കളി കണ്ടു തുടങ്ങിയപ്പോള്‍ അതൊരു പനിയ്ക്കും പകലിലെ ജ്വരമായി മാറി.
കളിക്കാരില്‍ ഞാനേറ്റവുമധികം ശ്രദ്ധിച്ചിരുന്നത് ഗോളിമാരെയിരുന്നു; ഏറ്റവുമധികം ആരാധിച്ചത് മറഡോണയേയും. നാലാം ക്ലാസ് അവസാനിക്കുന്നതിനു മുമ്പു തന്നെ ഞാന്‍ കോളേജിലും സ്കൂളിലും കളി തുടങ്ങിയിരുന്നു. കൂട്ടത്തില്‍ മോശമല്ലാത്തവന്‍ ഗോളിയാവുക അന്ന് പതിവില്ലാത്ത കായമായിരുന്നു. എന്നാല്‍ ഗോളടിയ്ക്കാന്‍ കുട്ടികള്‍ ആര്‍ത്തി പിടിച്ചപ്പോള് അത് തട്ടി മാറ്റുന്നതിലായിരുന്നു ഞാന്‍ ആവേശം കണ്ടെത്തിയത്. അക്കാലം തൊട്ടിതുവരെ വയ്കുന്നേരമെന്നാല്‍ അതിനുള്ളത് കളിസമയം എന്ന അര്ത്ഥമാണ്.
മുതിര്‍ന്നവര്‍ക്കും സമപ്രായക്കാര്‍ക്കും മൈതാനത്ത് വന്നു നിറയാനുള്ള സമയമായിരുന്നു വൈകുന്നേരങ്ങള്‍. അതിന് മുമ്പും ശേഷവും അവിടമത്ര നിറഞ്ഞിട്ടില്ല. ഇന്നും അവര്‍ വരാറുണ്ട് ഒരു ലോകകപ്പ് വരുമ്പോള്‍ മാത്രം; വല്ലപ്പോഴും ചാറിപ്പോകുന്ന മഴപോലെ.
രസകരമായ ശത്രുതയും പകയും വാശിയും പല ഗ്രൂപ്പുകളും എനിയ്ക്ക് ചുറ്റുമുണ്ടായി. പന്ത് പിടിയ്ക്കാന്‍ കഴിയുമെന്ന ഒറ്റക്കാരണം കൊണ്ടു ഞാന്‍ മാറ്റിനിര്‍ത്തപ്പെട്ട കാലവുമുണ്ടായിട്ടുണ്ട്.
കൊച്ചഛന്റെ ബനിയന്‍ ജേഴ്സിയാക്കി മാറ്റി, അതിന്റെ പിറകില്‍ കറുത്ത പെയിന്റ് കൊണ്ടു വടിവില്ലാത്ത അക്ഷരത്തില്‍ ഒന്ന് എന്ന് കുറിച്ചിട്ട്, മുട്ടുവരെ സോക്സും ഷൂസുമൊക്കെയിട്ടു ഞാന്‍ ഗോളിയായി. അന്നുമിന്നും ഗോളിയായിറങ്ങുമ്പോള്‍ ഉള്ളിലൊരു ഇരമ്പമുണ്ട് അനന്തമായത് ......
കളികാണലിനെക്കുറിച്ചു പറഞ്ഞാലല്ലാതെ കളിവര്ത്തമാനം പൂര്‍ത്തിയാകില്ല. എന്നാലും അത് മറ്റൊരവസരത്തില്‍ പറയാം.
94 ലെ അമേരിക്കന്‍ ലോകകപ്പിന് ശേഷം ഞങ്ങള്‍ കുട്ടകള്‍ ചേര്‍ന്നൊരു ടൂര്ണ്ണമെന്റ്റ് പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കായി നടത്തി. അന്ന് ഞങ്ങള്‍ ഫൈനലില്‍ തോറ്റുവെങ്കിലും ഞാനാണ് മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടത്. കപ്പുകളുടെയും മേഡലുകളുടെയും വലിയ നിരയില്‍ ഏറ്റവും ആദ്യത്തെ കപ്പും അതായിരുന്നു. ഞാനെങ്ങനെയാണ് ഡൈവ് ചെയ്തു പന്ത് പിടിച്ചതെന്ന് ആവേശത്തോടെ ചേട്ടനോട് വിശദീകരിച്ചതിന്നും ഓര്‍മ്മയുണ്ട്. ആ വൈകുന്നേരം ഇന്നുമോര്മ്മകളില്‍ ജീവിതത്തിലെ മുന്തിയൊരു നിമിഷമായി പ്രമുഖസ്ഥാനം വഹിക്കുന്നു.
ജില്ലാ ക്യാമ്പില്‍ എട്ടാം ക്ലാസ്സിലെ ഒരു മഴക്കാലത്ത് ഞാനുമുണ്ടായിരുന്നു. അന്നെന്റെ ജീവിതത്തില്‍ ആദ്യമായി ഞാനൊരു ബൂട്ട് മേടിച്ചു ,പച്ചയായിരുന്നു അതിന്റെ നിറം. പാഠശാലയുടെ അന്തരീക്ഷം തുടര്‍ന്ന് കളിയ്ക്കുന്നതില്‍ നിന്നും എന്നെ വിലക്കി. ബോയ്സില്‍ ഫുട്ബാളിന്റെ നല്ല കാലമായിരുന്നു. ചിറ്റൂര്‍ കോളെജിനു വേണ്ടിയും സാമാന്യം നന്നായി കളിച്ചു.
ഞാന്‍ ഫുട്ബാളില്‍ ആരായിരുന്നു എന്ന് പറയാനല്ല ഇത്രയും എഴുതിയത് മറിച്ച്, ഫുട്ബാള്‍ എനിയ്ക്കെന്താണ് എന്ന് പറയാനാണ്. മറഡോണ ആശുപത്രിയിലായിരുന്നപ്പോള്‍ നിറഞ്ഞ കണ്ണുകളിലൂടെയാണ് എനിയ്ക്കെന്താണ് ഫുട്ബാള്‍ എന്ന് സ്വയം ഞാന്‍ തിരിച്ചറിഞ്ഞത്.