മരങ്ങളില്‍ നിന്നുള്ള അകലക്കാഴ്ചകള്‍

Tuesday, November 11, 2008


എപ്പൊഴാണ് മരം കയറിത്തുടങ്ങിയതെന്ന് എനിക്ക് സ്പഷ്ടമായ ഓര്‍മ്മയില്ല. എങ്കിലും ഒന്നുറപ്പാണ്, ഓര്‍മ്മവെച്ചപ്പോള്‍ മുതല്‍ ചെറുതായിത്തുടങ്ങി മരം കയറലും മരം വഴി പുരപ്പുറം കയറലുമൊക്കെ പതിവായിരുന്നു. ഇന്ന് ഭൌതികമായ ഏതുയരത്തെയും മനസ്സുകൊണ്ടും ശരീരം കൊണ്ടും കീഴടക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.

നിലത്തിരിരുന്നു മടുക്കുമ്പോള്‍ ഒരു മരത്തില്‍ കയറിയിരിക്കുക വളരെ രസകരമാണ്. അതെനിക്ക് എന്നും പുതിയ ഉള്‍ക്കാഴ്ചകള്‍ ഉണ്ടാക്കുന്നു. മരങ്ങളിലെ പുളിയുറുമ്പും പാമ്പുറുമ്പും ഒരിക്കലുമെനിക്ക് തടസ്സമായില്ല. പലപ്പോഴും മഴകള്‍ മരത്തിനു മീതെയിരുന്ന് നനഞ്ഞിട്ടുണ്ട്. വീട്ടില്‍ നിന്നും കളിയ്ക്കാനായി അകന്നു നില്‍ക്കുമ്പോള്‍ പലപ്പൊഴും മരങ്ങള്‍ക്ക് മീതെ ഉറക്കമൊഴിച്ചും പാതിമയക്കത്തിലും രാത്രിമുഴുവനും ഇരുന്നിട്ടുണ്ട്.

മഴയെ കാറ്റ് തോളത്തിരുത്തി ഒരു കുട്ടിയെ എന്നപോലെ ആട്ടി ഉലയ്ക്കുന്നതും എടുത്തെറിയുന്നതും അനാഥയായ കുട്ടിയെപ്പോലെ മഴ പതിഞ്ഞ താളത്തില്‍ പെയ്യുന്നതുമൊക്കെ എന്തനുഭവങ്ങളാണ്. അപ്പോള്‍ തോന്നാറുള്ള ഒന്ന് ശിരസ്സുമുതല്‍ പാദം വരെ മഴയ്ക്ക് ഞാനും ഒരരുവിയാണ് എന്ന്.

ജീവിതത്തിലെ ഒരു ഭാഗം മുള്ളുള്ളതും ഇല്ലാത്തതും ശാഖികളിലും ഒറ്റത്തടികളിലും വീതം വെച്ചുകയറി. പുളിമരത്തിന്‍റെ നൂല്‍ക്കമ്പിനെയും വിശ്വസിയ്ക്കാം, ഞാവലിന്‍റെ ആള്‍ത്തടിയുള്ള കൊമ്പിനെ വരെ വിശ്വസിക്കരുത്, തെങ്ങിന്‍റെ മൂന്നാം ഓലയിലേ പിടിയ്ക്കാവൂ, യൂക്കാലിപ്റ്റസ്സിന്‍റെയും കാറ്റാടിയുടെയും മരത്തോല്‍ സൂക്ഷിക്കണം, മുള്ളുമരങ്ങളില്‍ ക്ഷമയാണാവശ്യം തുടങ്ങി നൂറുകണക്കിന് പ്രായോഗിക നിരീക്ഷണങ്ങള്‍ താനേ രൂപപ്പെട്ടുവരും.

ഇലഞ്ഞി മരങ്ങളില്‍ ഞാന്‍ കുലുക്കുകയും വഴിയേ പോകുന്നവര്‍ പെറുക്കുകയും ചെയ്യുക ഒരു പതിവു കാര്യമായിരുന്നു. കോളേജുകാരായിരുന്നു ആ പെറുക്കികള്‍. സംഘടനാ രംഗത്ത് തീവ്രമായി പ്രവര്‍ത്തിച്ചപ്പൊഴും എനിക്ക് ഇതു തന്നെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. കയറിക്കുലുക്കാന്‍ ചിലര്‍ പെറുക്കാന്‍ ചിലര്‍! പക്ഷേ ഒരിക്കലും പരാതി തോന്നിയിട്ടില്ല.

ഞങ്ങളുടെ പ്രദേശത്തെ ഏറ്റവുമുയര്‍ന്ന മരങ്ങള്‍ കാറ്റാടി മരങ്ങളാണ്...അതിനു മീതെക്കയറിയിരുന്നാല്‍ പ്രദേശം മിക്കവാറും തെളിഞ്ഞുകാണാം, മരം കാറ്റിലുലയുമ്പോള്‍ എങ്ങോട്ടോ പറന്നുപോകുന്നതായിത്തോന്നും, ഒരു മരത്തലപ്പു വഴി നായകന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് കയറിപ്പോയതിനോളം സുന്ദരമാണത്. ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കിനും ഇത്തരമൊരനുഭവത്തെ വെല്ലുവിളിയ്ക്കാനാകില്ല. പ്രകൃതിയുടെ ആനന്ദദായകത്തത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രകൃതിയ്ക്കകത്ത് കൃത്രിമ പ്രകൃതിയുണ്ടാക്കുന്നതിന് അതിന്‍റേതായ പരിമിതികളുണ്ട്.

പൂമരത്തില്‍ കയറിയിരുന്നാല്‍ പൂക്കളില്‍ ഒരുവനായി മാറിയതായി പലപ്പൊഴും തോന്നിയിട്ടുണ്ട്. ഗുല്‍മോഹറിന്‍റെ ചുവപ്പും പാതിരയുടെ വെളുപ്പും വാകയുടെയും കൊന്നയുടെയും മഞ്ഞയും മന്ദാരത്തിന്‍റെ നീലകലര്‍ന്ന വയലറ്റും തേക്കിന്‍റെ മാറാലപ്പൂവും മനസ്സില്‍ ഇടകലര്‍ന്നു പരക്കുന്നു, വര്‍ത്തമാനത്തിലും ചിന്തയിലും ആ ലാന്‍റ്സ്കേപ്പ് ചിത്രങ്ങള്‍ ചില്ലിട്ടുവെച്ചിരിക്കുന്നു.

കുട്ടിക്കാലത്ത് ഓട്ടുമ്പുറത്ത് കയറിയിരിക്കുമ്പോള്‍ ഓട്ടുകമ്പനിയിലെ അണ്ണാച്ചി ഓടി വന്ന് ഇറങ്ങാന്‍ പറയുമായിരുന്നു. പട്ടികയും കഴുക്കോലും പാതിയായ ഓട്ടുമ്പുറത്ത് നടക്കാനുള്ള ശീലമാണ് എവിടെയും സഞ്ചരിക്കാമെന്നുള്ള വിശ്വാസത്തിന്‍റെ ആദ്യ തട്ടകം. ചേട്ടനുമായി വഴക്കു കൂടി ഞാന്‍ പുരപ്പുറത്തിരുന്ന് പലതവണ കരഞ്ഞിട്ടുണ്ട്...അതും മറ്റൊരു രീതി.

ഞാന്‍ വിച്ത്രമായ വഴിയേ സഞ്ചരിക്കുകയാണെന്ന് ചുറ്റുമുള്ളവര്‍ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. മരത്തില്‍ കയറിയിരുന്ന് പുളിയും ഞാവല്‍പ്പഴവും ഇലഞ്ഞിപ്പഴവും മാങ്ങയും കശുമാങ്ങയും കൊടുക്കാപ്പുളിയും സീതാരങ്ങയും ഒക്കെ തിന്നുന്നതില്‍ എനിക്ക് വലിയ സന്തോഷം തോന്നി. എന്‍റെ കാഴ്ചയുടെ ചുറ്റുവട്ടം കൂടുതല്‍ വലുതാവാന്‍ മരം കയറ്റം എന്നെ സഹായിച്ചു.

വിവിധ മരങ്ങള്‍ വഴി കോളേജിന്‍റെ മൂന്നാം നിലയുയരത്തില്‍ കയറി, സിമന്‍റുകുഴല്‍ വഴി ഏഴാം ക്ളാസുവരെ കയറിയിട്ടുണ്ട്. അതിനൊക്കെ ഒരു മറുസങ്കല്‍പം ഉള്ളിലുണ്ടായിരുന്നു. അന്നുമങ്ങനെ ചില സൂചനകളുണ്ടായിരുന്നു എന്നാണെന്‍റെ ഉറച്ച വിശ്വാസം. ഏതായാലും ഇന്നത് സ്പഷ്ടവും രൂഢമൂലവുമാണ്. മറുജീവിതത്തിന്‍റെ വഴികളെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന് സ്വാഭാവികമാക്കുക എന്നതാണതിന്‍റെ വഴിയും പരിശ്രമവും.

ഉയരമുള്ള മരത്തിനു മീതെയിരുന്ന് ശ്മശാനത്തില്‍ സംസ്കാരവും ഏതൊക്കെയോ വഴികളും വഴക്കുകളും കളികളും ചടങ്ങുകളും ഞാന്‍ കണ്ടിട്ടുണ്ട്. കാറ്റാടിക്കു മീതെയിരുന്ന് പ്രാവ് പനയ്ക്കുമീതെ കുഞ്ഞുങ്ങളെ പോറ്റുന്നത് കണ്ടിട്ടുണ്ട്. രണ്ടു കുഞ്ഞുങ്ങളെയും ഞാനും താലോലിച്ചിരുന്നു.

പനകയറ്റക്കാരും തെങ്ങുകയറ്റക്കാരുമൊക്കെ എന്നുമെന്‍റെ ആരാധനാപാത്രങ്ങളാണ്. കലാകാരനും കളിക്കാരും പനകയറ്റക്കാരും അവരുടെ ഉന്നതികള്‍ സാധിക്കുന്നത് മനസ്സുകൊണ്ടും അതിലൂന്നിയ കര്‍മ്മങ്ങള്‍കൊണ്ടുമാണ്.

ഒരു വിചിത്രജീവി എന്ന അത്ഭുതത്തോടെ എന്നെ നോക്കുന്നവരെ ഞാന്‍ ശ്രദ്ധിയ്ക്കാറില്ല. അവര്‍ക്കിതൊക്കെ മനസ്സിലാകുന്നൊരു ദിവസം വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഒരു മരവും

കാടാകുന്നതുപോലെ

ഒരു പൂമരം

വസന്തവുമാകാം

പുഷ്പദലങ്ങള്‍ക്കിടയില്ലൂടെ

വക്രിച്ചും നേരിട്ടും നോക്കുമ്പോള്‍

ഉള്ളിലുറങ്ങുന്ന ആരോ

പൊടുന്നനെ ഉണരുന്നു.

അവനെ ഞാന്‍ എന്‍റെ

പൂര്‍വ്വികനെന്നു വിളിയ്ക്കുന്നു.

0 comments: