വീണപൂവും വീഴാത്ത വിക്കറ്റുകളും

Monday, June 2, 2008

വീണപൂവും വീഴാത്ത വിക്കറ്റുകളും

കളിയുടെ റേഡിയോ പെട്ടിയില്‍ മുമ്പെപ്പോഴൊക്കെയോ !
എപ്പോഴായിരുന്നു അത്? എപ്പോഴുമുണ്ടായിരുന്നു. നാലാം ക്ലാസ്സില്‍ പഠിച്ചിരുന്ന കാലത്തായിരുന്നു ക്രിക്കറ്റ് കമന്ററി കേള്‍ക്കല്‍ ഒരു ജ്വരമായത്. മുത്തച്ഛന്റെ നേരാനേരം പാടുകയും വാര്‍ത്തകള്‍ എല്ലാ ഭാഷകളിലും വായിക്കുകയും ചെയ്യുന്ന കറുത്ത റേഡിയോയില്‍ ബാറ്ററി എങ്ങനെ തീര്ന്നു എന്നറിയാതിരിക്കാന്‍ ഒളിഞ്ഞിരുന്ന് മൈതാനങ്ങള്‍ക്ക് തീ പിടിക്കുന്നതും ഉദ്വേഗങ്ങളില്‍ കൊരുക്കപ്പെടുന്ന കാണിയുടെ മനസ്സും എല്ലാം കേട്ടറിഞ്ഞു. ബോറടിച്ചു മരിക്കുമായിരുന്ന കണക്കു ക്ലാസ്സില്‍ തലവേദന എന്ന വ്യാജേന ദക്ക്ബാക്കിന്റെ കരിനീല ബാഗില്‍ തല കയറ്റിവെച്ചു കിടക്കുമ്പോള്‍ മിക്കവാറും ആരുമറിയാതെ(അടുത്തിരുന്ന കൂട്ടുകാരന്‍ പോലുമറിയാതെ ) ഞാന്‍ വാങ്ങിയ ഇത്തിരിപ്പോന്നന്‍ റേഡിയോയില്‍ കളികേള്‍ക്കുകയായിരുന്നു. സൈക്ലിന് ഒരു പെട്ടിയുണ്ടായിരുന്നപ്പോള്‍ അതില്‍ ഒരു വലിയ റേഡിയോയുമുണ്ടാകുമെന്നായി പിന്നെ. പിന്നീടെപ്പൊഴോ ആണ് ടി.വിയൊക്കെ വന്നത് .


ടി വി വരുന്നതിനു മുന്പ് കളി കാണാന്‍ ചിറ്റയുടെ വീട്ടിലും സ്കൂളിനടുത്തെ പാര്‍ട്ടി ഓഫീസില്‍ ക്ലാസ് കട്ടുചെയ്തിരുന്നും സ്ഥിരമായി പോയിരുന്നു. ചിലപ്പോള്‍ എല്ലാവരും അവിടെയായിരുന്ന ദിവസങ്ങളില്‍ എനിക്ക് പാലക്കാട്ടു നിന്നും സ്കൂളില്‍ പോകേണ്ടതുണ്ടായിരുന്നു, കളിയുള്ളപ്പോള്‍ എങ്ങനെ സമാധാനമായി ക്ലാസിലിരിക്കും? അതും സൂചികുത്താനിടമില്ലാത്ത ബസ്സില്‍ (പക്ഷെ കണ്ടക്ടര്‍ പറയാറുള്ളത് കോട്ട മൈതാനം പോലെ സ്ഥലമുണ്ടല്ലോ കേറി നിന്നൂടെ എന്നാണ് ) പിന്നീടാണ് കാലത്ത് എഴുന്നേറ്റ ഉടനെ തന്നെ വയറു വേദന തുടങ്ങുക. വയറും പൊത്തിപ്പിടിച്ച് അമ്മയുടെ അടുത്ത് ചെല്ലും എന്നിട്ട് കടുത്ത വേദന പരുന്തിനെപ്പോലെ വട്ടമിട്ടു പറക്കുന്ന മുഖവുമായി നില്ക്കും; എന്നിട്ട് ഇന്ചിനീര് തരാന്‍ ആവശ്യപ്പെടും. വയറുവേദന ഇല്ലാത്ത ഒരാള്‍ വെറുതെ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും അമ്മ വിചാരിച്ചിട്ടുണ്ടാകില്ല.

ഒരു ദിവസം ടെസ്റ്റ് മാച്ചിന്റെ ഹൈലൈറ്റ്സ് കാണാന്‍ വീട്ടില്‍ വന്നപ്പോള്‍ വീട് പൂട്ടിക്കിടക്കുകയാണ്. കളി കാണാതെ ഇരിക്കാനാവുമോ ? ഓട്ടുംപുറത്തു കയറി ഓടിളക്കിയാണ് അന്ന് കാര്യം സാധിച്ചത്‌. പിന്നീട് കളിക്കല്‍ ചൂടുപിടിച്ചതോടെ കളി കാണലും കേള്‍ക്കലും കുറയുകയാണ് ഉണ്ടായത്.

പക്ഷെ ഇപ്പോഴും ഉള്ളില്‍ സിക്സറുകളും ബൌണ്ടറികളും പായുകയും വിക്കറ്റുകള്‍ തുരു തുരേ വീണു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

0 comments: