ചക്രങ്ങള് വരുത്തിയ മാറ്റം

Wednesday, June 18, 2008









വീടിന്റെ തട്ടുമ്പുറത്തു മഞ്ഞ നിറമുള്ള തുരുമ്പിച്ച ഒരു ചെറിയ സൈക്കിള്‍ കിടക്കുന്നുണ്ടെന്ന് തീരെ ചെരുതായിരുന്നപ്പോഴേ ഞാന്‍ കേട്ടിരുന്നു. അത് എനിക്കെന്നുമൊരു നാടോടിക്കഥ പോലെയുമായിരുന്നു.

ഒരു വൈകുന്നേരത്ത് ഞാന്‍ അമ്മയുടെ കയ്യില്‍ താങ്ങി കണ്ണാടി തൂക്കിയ ജനാലയില്‍ കയറി നില്‍ക്കുകയായിരുന്നു . ഇരുമ്പു ഗേറ്റ് തുറന്നു മുത്തച്ഛന്‍ എന്നെ പേര് ചൊല്ലി വിളിച്ചു. ഞാനോടിച്ചെന്നു. മുത്തച്ഛന്റെ കയ്യില്‍ പുതിയൊരു മുച്ചക്ര സൈക്കിള്‍! അതൊക്കെ ഒട്ടും പഴകാത്ത ഓര്‍മ്മകളാണ്.


അത് വരെ ഞാന് സൈക്കിള്‍ ചവിട്ടിയിരുന്നില്ല. വീടിനു ചുറ്റും ഞാന്‍ കുറെ ചവിട്ടി. അതിന്റെ സീറ്റില്‍ കരടിയുടെയും മുയലിന്റെയും ചിത്രങ്ങള്‍ തുന്നിപ്പിടിപ്പിച്ചിരുന്നു. ഇന്ന് സൈക്കിള്‍ തന്നെ മനസ്സില്‍ തുന്നിപ്പിടിപ്പിച്ച ബഹുവര്‍ണ്ണ ചിത്രമാണ്. കല്ലുമായി സഹവസിച്ചിരുന്ന ഞാന്‍ ചക്രവുമായി ചങ്ങാത്തത്തിലായി.

സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത് രണ്ടാം ക്ലാസ്സിലാണ്. അക്കരെ നിന്നും ചേട്ടന്‍ ഒരു പച്ചനിറത്തിലുള്ള കാല്‍ വണ്ടി (സൈക്കിളില് അന്നു പ്രശസ്തമായ മൂന്നളവുകളാണ്: കാല് വണ്ടി, അര വണ്ടി, ഒരു വണ്ടികൊണ്ട് വന്നു. രണ്ടു ചക്രത്തില്‍ കാലുകുത്താതെ ഓടിച്ചുപോകുന്നവരെ കണ്ടു അത്ഭുതപ്പെട്ട കാലം കടന്നുപോവുകയായിരുന്നു. കൈവിട്ടോടിക്കുന്നവര് അത്ഭുതപ്പെടുത്തുകയും ചെയ്യുമായിരുന്നു.
ആദ്യ ശ്രമം തന്നെ ആദ്യ അപകടത്തിലും കലാശിച്ചു. കോളേജില്‍ കാന്റീനിന്റെ മുന്നിലായൊരു പാതിരാ മരമുണ്ട്, അതിലേക്കാണ് അതിവേഗത്തിലുള്ള അരിച്ചു കയറുന്ന ആവെശമോടിച്ചു കയറ്റിയത്. ഇടിക്കും മുമ്പേ ഓടും വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി ഞാന്‍ ഉറക്കെ കരഞ്ഞു തുടങ്ങി. എനിക്കെന്തോ സംഭവിച്ചുവെന്ന് കരുതി ചേട്ടന് ഓടി വന്നു. അമളി പറ്റിയത് രണ്ടാള്‍ക്കും. വരാവുന്ന സാമ്പത്തിക ബാദ്ധ്യതയോര്‍ത്താണ് ഞാന്‍ കരഞ്ഞത്. സൈക്കിള്‍ നിന്ന നില്‍പ്പില്‍ നിന്നും അനങ്ങുന്നില്ല; മഡ്ഗാഡ് തടിയില്‍ കുത്തിനില്‍ക്കുകയാണ്. ഇന്നും വിചാരിക്കാനിഷ്ടപ്പെടുന്നത് ഞാനന്നേ ഒരു സാമ്പത്തിക പ്രബുദ്ധനായിരുന്നു എന്നതാണ്. നുണയാവാം നേരാവാം, വായനക്കാരാ കഥയില്‍ ചോദ്യമില്ലെന്നറിയാമല്ലോ!

സൈക്കിള്‍ ഒപ്പിച്ചു തിരിച്ചുകൊടുത്തു. പാതിരാമരത്തിനിന്നും ആ പാടുണ്ട്. ചുണ്ണാമ്പ് ചൂളകള്ക്കും പാലത്തിനുമപ്പുറത്തുള്ള സൈക്കിള്‍ കട ഇന്നില്ല. എങ്കിലും അത്ഭുതവിളക്കിലെന്നപോലെ പോലെ മരത്തില്‍ വിരലോടിക്കുമ്പോള്‍ ഭൂതകാലമുയരുന്നുണ്ട്. ഓര്‍മ്മകളുടെ സുന്ദരഭൂതകാലം.

മൂന്നാം ക്ലാസ് അവധിക്കു കൊച്ചഛച്ചന്‍ ബസ്സില്‍ അരട്ടിക്കറ്റുകാരനായിരുന്ന എനിക്ക് മുക്കാല്‍ സൈക്കിള്‍ കൊടുത്തയച്ചു. അത് വീട്ടില്‍ രണ്ടാമത്തെ വാഹനമായി. ഒന്നാമത്തേത് അച്ഛന്റെ സൈക്കിളായിരുന്നു. ആദ്യം കൊളേജിനകത്തു മാത്രമായിരുന്നു ചവിട്ടിയിരുന്നത്. പിന്നീടത്‌ അമ്പാട്ടുപാളയം കടവരെയായി. നാലാംക്ലാസ്സില്‍ ഒപ്പന പഠിക്കാന്‍ ടീച്ചറുടെ വീടുവരെ ചവിട്ടിയതാണ് ആദ്യത്തെ പ്രധാനവഴി യാത്ര. ആ യാത്രയ്ക്ക് ഒന്നേകാല്‍ കിലോമീറ്ററായിരുന്നു ദൂരം. ആ യാത്രയ്ക്ക് ശേഷം കുറെ മുതിര്‍ന്നതായി തോന്നുകയും ചെയ്തു.
ഈയിടെ ഞാന്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താറുണ്ട്. അതില്‍ പ്രധാനം മദിരാശിയിലേക്ക് സൈക്കിളില് 1200 കിലോമീറ്റര്‍ സഞ്ചരിച്ചു വന്നതാണ്. അതിനെക്കുറിച്ച് പിന്നീടെഴുതാം. എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്താന്‍ മാത്രം എക്കാലത്തേയ്ക്കും സ്വത്തായി മാറിയ വലത്തേ കവിളിലെ മുറിപ്പാടും സൈക്കിളുമായി ബന്ധപ്പെട്ടതാണ്.

0 comments: