വീടിനെ ചുറ്റി ഓര്മ്മകളില് മേയുമ്പോള്

Monday, June 9, 2008


ഞാനെന്നെ തിരഞ്ഞു കണ്ടെത്താന് ശ്രമിക്കുകയാണ്. ഞാനാരായിരുന്നു? എങ്ങനെ ഞാനായി? ഈ നിമിഷങ്ങള് കോര്ത്ത മണിക്കൂറുകളില് എഴുതിപ്പെറുക്കി ഞാനെന്റെ കഥപറയാം.

ആദ്യം എന്റെ വീടിനെ ചുറ്റിപ്പറ്റി കുട്ടികാലത്തിന്റെ ഓര്മ്മകളാണ്. അന്ന് അംഗങ്ങള് അച്ഛന്, അമ്മ, ചേട്ടന്, മുത്തച്ഛന് എന്നിവരായിരുന്നു. പിന്നീടൊരിക്കല് കഥകള് പറഞ്ഞു മുഴുമിക്കാതെ മുത്തച്ഛന് പിരിഞ്ഞുപോയി.

പഴയൊരു വലിയ ഒട്ടുപുര വീട്. ചിറ്റൂര് കോളേജിനൊരു എഴുതിത്തള്ളിയ കോട്ടേഴ്സുണ്ട്. അതായിരുന്നു ഞങ്ങളുടെ വീട്. വേനലില് ഒരു സൂര്യ രശ്മിയെയും അറിയാതിരിക്കുകയും മഴക്കാലത്ത് ചോരാനോരിടവും ബാക്കിയില്ലാതിരിക്കുകയും മഞ്ഞുകാലത്ത് ചുറ്റുപാടും പുകമഞ്ഞു മൂടുകയും ചെയ്യുന്ന ഒരിടം. അകത്തേയ്ക്കും പുറത്തേയ്ക്കും ചരിഞ്ഞ അടുത്തെങ്ങും കുമ്മായം പൂശാത്ത, എന്നാല് പതിറ്റാണ്ടുകളുടെ കുമ്മായ അടുക്കുകളുള്ള ചുവരുകള്. കഴുക്കോലുകള് ദ്രവിച്ചു വളഞ്ഞു പട്ടികയില്ലാത്ത മേല്ക്കൂര, ഇലകള് അട്ടിയിട്ട ചിതലരിക്കുന്ന ഒട്ടിന്പുരം. ആ വീട് സദാ മാറാല മൂടിയിരുന്നു. മുറികള് വളരെ വലുത്, ഇലകളും പൊടിയും നിറഞ്ഞ തട്ടുമ്പുറം.

തീരെച്ചെറുതായിരുന്നപ്പോള് കുഞ്ചിയമ്മയും ചാത്തന് മാഷും രണ്ടു മക്കളും കിഴക്കേ മുറിയില് താമസിച്ചിരുന്നതായോര്ക്കുന്നു. കിഴക്കും പടിഞ്ഞാറും ഓടുകളടുക്കിയ മതില്..വടക്ക്, വീടിന്റെ മുന്നിലായി കോളേജ് മതില്, പിറകില് മതിലില്ല...നിറയെ പാമ്പുകള്, എലികള്..അങ്ങനെ സര്‍വ്വ സാമീപ്യത്തിന്റെ അന്തരീക്ഷം. അതിന്റെ മുറികളൊക്കെ വളരെ വലുതായിരുന്നു. കുട്ടിക്കാലത്ത് അവ തന്നെ മതിയായ മൈദാനങ്ങളായി തോന്നിച്ചിരുന്നു.

വലിയ വീട്ടില് അമ്മയ്ക്കെപ്പോഴും പിടിപ്പതു പണിയുണ്ടാകും. അച്ഛന് കാലത്തു തന്നെ കോളേജില് പോകും. മുത്തച്ഛന് എന്തെങ്കിലുമൊക്കെ ചെയ്യുകയാവും. മണ്ഠന്റെ അമ്മയോ, ഭിക്ഷക്കാരന് നായാടിയോ ചെരുപ്പുകുത്തിയോ വന്നാലായി. തരം കിട്ടുമ്പോഴൊക്കെ അമ്മയാണ് ഞങ്ങള്ക്ക് കഥകള് വായിച്ചു തന്നത്. റഷ്യന് പുസ്തകങ്ങളും ലോകകഥാമാലികയും മദനന്റെ ചിത്രങ്ങളും പരിഷത്ത് പുസ്തകങ്ങളും..സഹോദരങ്ങളായി അനേകം കഥാപാത്രങ്ങളും..കഥയേതെന്നും അമ്മയേതെന്നും വേര്പെടുതാനാകാത്ത കുട്ടിക്കാലം ഓര്ക്കാനേറെ രസമുള്ള ശീതീകരിയ്ക്കപ്പെട്ട ഒരറയാണ്.

കോളേജ് വിദ്യാര്‍ഥികളുടെ വിവിധ തലമുറകള് വീട്ടില് വന്നു പൊയ്ക്കൊണ്ടിരുന്നു. അതൊഴിച്ചാല് വീട്ടില് അധികമാരും വന്നില്ല, വര്ഷത്തിലൊരിക്കല് ഓണത്തിനോപ്പം വരുന്ന അച്ചേമയും സന്തോഷ് മാമനും, മുത്തി വല്ലപ്പോഴും വരുമായിരുന്നു; അമ്മമ്മ. അടുത്തൊന്നും വീടുകളുണ്ടായിരുന്നില്ല, അതുകൊണ്ട് കളിക്കൂട്ടുകാരെന്നു പറയാന് ആരുമുണ്ടായിരുന്നില്ല.

ഞാനൊരിക്കലും കളിക്കാതിരുന്നില്ല. കളികഴിഞ്ഞുള്ള സമയം കാലി മേയ്ക്കുന്നവരുടെ വാലായി ചുറ്റിത്തിരിഞ്ഞു. നാണിയമ്മയും ചെട്ടിച്ചിയാരും മുത്തപ്പനും സമപ്രായക്കാരായ ഇടയരും...അതിനെന്നെയാരും ശാസിച്ചില്ല. ഞാനാരാകണമെന്നു അഛനമ്മമാര്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നുവെന്നു ചുരുക്കം. ശാസിക്കേണ്ടതിനൊക്കെ ശാസിച്ചിട്ടുണ്ട്. പഴകിപ്പിഞ്ഞിയ ഒരു ചിത്രമാകാതെ എനിക്ക് പുതുവഴിയുടെ വെളിച്ചം അവരാണ്; എന്റെ മാതാപിതാക്കള്. അവരും അതുകൊണ്ട് ജീവനുള്ള ചിത്രങ്ങളായി.

ഞാന് സ്വയമേ സംസാരിച്ചു. വല്ലപ്പോഴും മാത്രം ആളികളോട് സംസാരിച്ചു ; കാണുമ്പോഴോന്നും വാക്കുകള് കിട്ടിയില്ല. എന്നിലേയ്ക്കരിച്ചു കയറുന്ന നാണം എന്നെയെപ്പോഴും അമ്മയുടെ സാരിത്തലപ്പില് ഒളിപ്പിച്ചു നിര്ത്തി. അക്കാലത്ത് ഞാന് തവളകള്, പല്ലികള്, എട്ടുകാലികള്, ഉറുമ്പുകള്, കുഴിയാനകള് എന്നിവയോടോത്തൊക്കെ കളിക്കുകയായിരുന്നു. എന്റെ മുട്ടുകളെപ്പോഴും പൊടി പിടിച്ചിരുന്നു. നാനാതരം ഇഷ്ടികകള് എന്റെ ബസ് സ്റ്റാന്റില് ഇടം പിടിച്ചു. വീടിനു ചുറ്റും ഞാനവയ്ക്ക് ബസ്സുകളുടെ പേരിട്ടു തള്ളിക്കൊണ്ട് മുട്ടിലിഴഞ്ഞു...ചെറു മരങ്ങളില് കയറി. കോളേജിന്റെ കാട്ടിലേയ്ക്കും നിമ്നോന്നതങ്ങളിലെയ്ക്കും വലിഞ്ഞു കയറി...ആളുകള് തിങ്ങി നിറഞ്ഞു പോകുന്ന കോളേജ് റോഡിനു സമാന്തരമായി ഞാന് കാട്ടിലൂടെ നടന്നു. വിവിധതരം പക്ഷികള് ചിലച്ചു , കറുത്തതും ചാരനിറമാര്ന്നതുമായ മുയലുകള് പകല്മാളങ്ങളില് ഓടിയിളിച്ചു, രാത്രി ഓരിയിടുന്ന കുറുക്കന് കൂട്ടങ്ങള് ഒറ്റയ്ക്കും തറ്റയ്ക്കുമായി ഗുഹകളില് ചടച്ചുറങ്ങി. എനിക്ക് സമാന്തരമായി അനുകൂലിച്ചും പ്രതികൂലിച്ചും കാലവും ശോകനാശിനിപ്പുഴയും ഒഴുകിക്കൊണ്ടിരുന്നു, അതില് ശോകനാശിനിയെപ്പോഴും വടക്കൊട്ടായിരുന്നു.

ചെട്ടനോഴികെ ആരും എന്നോടോത്ത് കളിച്ചില്ല. വീടിന്റെ പടിഞ്ഞാറേ പുറത്തെ കാരമുള്ളുകളുടെ കൂര്മ്മതയെ കബളിപ്പിച്ചു ചേട്ടന് പറിച്ചു തന്ന കാരപ്പഴത്തിനു കാലത്തിന്റെ സ്വാദായിരുന്നു. പുളിമരങ്ങള്, മാവുകള്, ഇലമുളച്ചികള്, കൊന്ന, കരിനോച്ചി, തകര്ന്നുപോയ ഭാഗത്തിന്റെ അവശിഷ്ടങ്ങള്, നിധികിട്ടുമെന്ന ബാലമനസ്സിന്റെ വിളിക്കനുസരിച്ചു കുഴിച്ച കുഴികള് ...കിട്ടിയ നാനാതരം കല്ലുകള്.

വീടിന്റെ പിറകിലായി വലിയ രണ്ടു ഇലഞ്ഞിമരങ്ങളുണ്ട്. വീടിരിയ്ക്കുന്ന കുന്നിന്റെ താഴ്വാരത്തിലാണത്. വീട്ടിനു പുറത്ത് കിഴക്ക് വശത്തായൊരു പോട്ടക്കിണറുണ്ട്. അതിന്റെ ചുവരുനിരയെ എട്ടുകാലിലക്ഷങ്ങള് കല്ലെടുത്തെറിഞ്ഞാല് ഇളകിയോടും. കറുത്ത നിറം മാറി ചുവരിനു ചെങ്കല് നിറമാകും. ഈ എഴുത്ത് അതുപോലെതന്നെ ഓര്മ്മകളെ അനാവരണം ചെയ്യുന്നു.

ഒരിയ്ക്കല് മല്ഗോവ മാവിന്റെ ഭൂമിയ്ക്ക് സമാന്തരമായ കൊമ്പത്തിരിക്കുംപോള് അച്ഛനെന്നെ പിടിച്ചിറക്കി അമ്മയെ ഏല്പ്പിച്ചു; സ്കൂളിലാക്കാന്!

ഓടിച്ചു ചിലത് പറഞ്ഞു... വിശദമായി തുടര്ന്നുള്ള വരികളും പുറങ്ങളും വര്ത്തമാനം പറയട്ടെ.

0 comments: